Uncategorized

വാവെയ് ഒഎസിന് ആൻഡ്രോയിഡ്, മാക് ഒഎസിനേക്കാൾ വേഗം, വെളിപ്പെടുത്തി ഷെങ്‌ഫെ

ഗൂഗിൾ ഉൾപ്പടെയുളള അമേരിക്കൻ ടെക് കമ്പനികളുമായി വീണ്ടും ഇടപാടുകൾ നടത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് വാവെയ്ക്ക് അനുമതി ലഭിച്ചത് കഴിഞ്ഞ ആഴ്ചയാണ്. പക്ഷേ ചൈനീസ് ടെക് ഭീമൻ വാവെയ് ഹോങ്‌മെംഗ് ഒ‌എസ് എന്ന പേരിൽ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. ഗൂഗിളിന്റെ ആൻഡ്രോയിഡിനേക്കാളും ആപ്പിളിന്റെ മാക് ഒഎസിനേക്കാളും വേഗമുള്ളതാണ് ഹോങ്‌മെംഗ് ഒഎസ് എന്ന് ഫ്രഞ്ച് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വാവെയ് സിഇഒ റെൻ ഷെങ്‌ഫെ തന്നെ പറഞ്ഞു.

 

ആൻഡ്രോയിഡിനെ അപേക്ഷിച്ച് ഹോങ്‌മെംഗ് അത്ര ഫീച്ചറുകളുള്ള ഒഎസ് അല്ലെങ്കിൽ ആർക്ക് ഒഎസിന് വിശാലമായ ആപ്ലിക്കേഷൻ ഉണ്ടായിരിക്കുമെന്നും ഷെങ്‌ഫെ കൂട്ടിച്ചേർത്തു. അദ്ദേഹം ഇത് അർഥമാക്കുന്നത് സ്മാർട് ഫോണുകളിൽ മാത്രമല്ല റൂട്ടറുകൾ, നെറ്റ്‌വർക്ക് സ്വിച്ചുകൾ, ടാബ്‌ലെറ്റുകൾ, കംപ്യൂട്ടറുകൾ, ഡേറ്റാ സെന്ററുകൾ എന്നിവയിൽ വാവെയുടെ ഇഷ്‌ടാനുസൃത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാം എന്നതാണ്. അടിസ്ഥാനപരമായി വാവേയുടെ എല്ലാ ഉൽപന്നങ്ങൾക്കും ഏക ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കുക എന്നതായിരിക്കും ലക്ഷ്യം.

 

ആഴ്ചകൾക്ക് മുൻപ്, ചില സ്മാർട് ഫോൺ കമ്പനികളുടെ പരിശോധനയ്ക്ക് ശേഷം ഹോങ്‌മെംഗ് ഒ‌എസ് ഗൂഗിളിന്റെ ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം വേഗമുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു. ‘5 മില്ലി സെക്കൻഡിൽ താഴെയുള്ള’ പ്രോസസ്സിങ് കാലതാമസം വാഗ്ദാനം ചെയ്യുന്നതിലൂടെ പുതിയ ഒഎസ് മാക് ഒസിനേക്കാൾ വേഗം കൈവരിക്കുമെന്നും ഷെങ്‌ഫെയ് പറഞ്ഞു. ഹോങ്‌മെംഗ് ഒ‌എസ് ഇന്റർനെറ്റ് ഓഫ് തിംഗ്സുമായി തികച്ചും പൊരുത്തപ്പെടുമെന്നും സെൽഫ് ഡ്രൈവിങ്ങിനും ഇത് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വാവെയ് സിഇഒ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും നിലകൊള്ളുമ്പോൾ ഗൂഗിളിനോടും ആൻഡ്രോയിഡിനോടും മത്സരിക്കുന്നതിൽ വാവെയ് തെറ്റുകൾ വരുത്തിയെന്നും അദ്ദേഹം സമ്മതിച്ചു. ‘ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റവുമായോ ആൻഡ്രോയിഡുമായോ താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾക്ക് ഇപ്പോഴും നല്ല ആപ്ലിക്കേഷൻ ഇക്കോസിസ്റ്റം ഇല്ല.’ ഇത് പരിഹരിക്കുന്നതിന് ആൻഡ്രോയിഡ്, ആപ്പിൾ ആപ്പ് സ്റ്റോർ ബദലിനായി കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും ഇതിലേക്ക് ഡെവലപ്പർമാരെ ആകർഷിക്കാൻ ശ്രമിക്കുകയാണെന്നും ഷെങ്‌ഫെയ് പറഞ്ഞു.

 

ട്രംപ് വാവേയ്ക്കുള്ള യുഎസ് നിരോധനം മയപ്പെടുത്തിയെങ്കിലും ഭാവിയിലെ വാവെയ് ഫോണുകൾ ആൻഡ്രോയിഡിലാണോ ഹോങ്‌മെംഗ് ഒഎസിലാണോ പ്രവർത്തിക്കുക എന്നത് വ്യക്തമല്ല. ആൻഡ്രോയിഡ് വീണ്ടും ഉപയോഗിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ യുഎസ് വാണിജ്യ വകുപ്പ് പുറത്തിറക്കാൻ കാത്തിരിക്കുകയാണെന്ന് വാവെയ് അധികൃതർ പറഞ്ഞു. ഇതോടൊപ്പം കമ്പനി ഇതിനകം തന്നെ ചൈനയിലെ ഫോണുകളിൽ ഹോങ്‌മെംഗ് ഒഎസ് പരീക്ഷിക്കുന്നുണ്ട്. ഈ വർഷം വാവെയ്‌ക്കായി അടുത്ത വലിയ ലോഞ്ചുകൾ മേറ്റ് എക്സ്, മേറ്റ് 30 സീരിസ് ആണ്. ഈ ഫോണുകൾ ഏത് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമല്ല.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button