വികസന മുഖമുദ്രയായി ആശുപത്രികൾ
ഗ്രാമീണ മേഖലയിൽ ആരോഗ്യ സേവനങ്ങൾ എത്തിക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും മെച്ചപ്പെടുത്തി ഡോക്ടർമാരേയും മറ്റ് ജീവനക്കാരേയും നിയമിച്ചു. 64 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 40 കുടുംബാരോഗ്യകേന്ദ്രങ്ങൾ 417 ഉപകേന്ദ്രങ്ങൾ എന്നിവ ഇപ്പോൾ സജീവമാണ്. പാവപ്പെട്ട രോഗികൾക്ക് ഭാരിച്ച പണച്ചെലവില്ലാതെ തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ജനറൽ ആശുപത്രിയിലും വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങൾ വർദ്ധിച്ചതോടൊപ്പം വടകര ജില്ലാ ആശുപത്രി, നാദാപുരം, ബാലുശ്ശേരി, ഫറോക്ക്, കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര താലൂക്ക് ആശുപത്രികളും ഉന്നത നിലവാരത്തിലേക്കുയർന്നു.
ബഹുനിലകളിലുള്ള കെട്ടിടങ്ങൾ , വെന്റിലേറ്റർ സൗകര്യങ്ങൾ, അത്യാഹിത വിഭാഗം, എന്നിവക്ക് വേണ്ടി ദീർഘവീക്ഷണത്തോടെ കോടിക്കണക്കിന് രൂപയാണ് ജില്ലയിൽ വിനിയോഗിച്ചത്. കോഴിക്കോട് ജനറൽ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, ബാലുശേരി താലൂക്ക് ആശുപത്രി, ഫറോക്ക് താലൂക്ക് ആശുപത്രി എന്നിവ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വികസിപ്പിച്ചു.
നാല് ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 146.24 കോടി രൂപയുടെ കിഫ്ബി അനുമതി കൂടി ലഭ്യമായി. കോഴിക്കോട് ജനറൽ ആശുപത്രിക്ക് 86.80 കോടി രൂപ, കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് 23.77 കോടി, ബാലുശേരി താലൂക്ക് ആശുപത്രിക്ക് 18.58 കോടി, ഫറോക്ക് താലൂക്ക് ആശുപത്രിക്ക് 17.09 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ രോഗീസൗഹൃദപരവും ഉന്നത സാങ്കേതിക വിദ്യയുള്ളതുമായ മെഡിക്കൽ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും ഒരുങ്ങി. നാഷണൽ ഹെൽത്ത് മിഷന്റെ ഒരു കോടി രൂപ ഉപയോഗിച്ചാണ് 22 ബെഡുകൾ ഉൾക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കൽ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും നിർമ്മാണം പൂർത്തീകരിച്ചത്.
ബീച്ച് ആശുപത്രിയിൽ 46 ലക്ഷം രൂപയുടെ സിവിൽ പ്രവർത്തികളാണ് നടത്തിയിട്ടുള്ളത്. ഇതിനു പുറമെ 13 ലക്ഷം രൂപയുടെ സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐസിയു കോട്ട്, മൾട്ടി പാര മോണിറ്റർ, മൊബൈൽ എക്സ്‌റെ, ഇൻഫ്യൂഷൻ പമ്പ്, എ ബി ജി മെഷീൻ, നോൺ ഇൻവേസീവ് വെന്റിലേറ്റർ, വെന്റിലേറ്റഴ്സ്, ഡിഫിബ്രിലേറ്റർ, ഇ സി ജി മെഷീൻ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്.
25 ലക്ഷം രൂപ ചെലവഴിച്ച് ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിൽ നിർമ്മിച്ച കീമോ തെറാപ്പി യൂണിറ്റ്
കോഴിക്കോടിന്റെ വികസനനേട്ടങ്ങളിൽ പുതുചരിത്രമാണ്. നാല് കിടക്കകളുള്ള പ്രത്യേക കീമോ തെറാപ്പി വാർഡാണ്. ഒരു ഡോക്ടർ, രണ്ട് നഴ്‌സുമാർ, ഒരു നഴ്‌സിങ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ളവരാണ് യൂണിറ്റിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കീമോ തെറാപ്പി യൂണിറ്റ് യാഥാർഥ്യമായത് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള ഇഎസ്‌ഐ ഗുണഭോക്താക്കൾക്ക് ഏറെ ആശ്വാസമായി. മാസത്തിൽ 200ലധികം കാൻസർരോഗികൾ ഇവിടെ ഒപിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. 60 പേർക്ക് കീമോ തെറാപ്പിയും നൽകാൻ കഴിയുന്നുണ്ട്.