വിദേശ എംബിബിഎസ്: കേരളത്തിലെ പരിശീലനവും സ്ഥിര രജിസ്ട്രേഷനും പ്രതിസന്ധിയിൽ
വിദേശ എംബിബിഎസ് പഠനം കഴിഞ്ഞവരുടെ ഇന്‍റേൺഷിപ്പ് മെഡിക്കൽ കോളജ് ആശുപത്രികളിൽ മാത്രമാക്കി നിജപ്പെടുത്തിയതോടെ വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി വന്ന കുട്ടികളുടെ ഭാവി പ്രതിസന്ധിയിൽ. ദേശീയ മെഡിക്കൽ കമ്മിഷന്‍റെ തീരുമാനം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ തീരുമാനിച്ചതോടെ നിലവിൽ കേരളത്തിൽ ജില്ലാ ജനറൽ ആശുപത്രികളിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നവരുടെ സ്ഥിര രജിസ്ട്രേഷനടക്കമുള്ള കാര്യങ്ങളും പ്രതിസന്ധിയിലായി.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിദേശ എംബിബിഎസ് പഠനം കഴിഞ്ഞ് വരുന്നവരുടെ പരിശീലനം മെഡിക്കൽ കോളജ് ആശുപത്രികളിൽ മാത്രമാക്കി ചുരുക്കി ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവ് ഇറങ്ങിയത്. 2021 മുതൽ ഉള്ള പരിശീലന കാലയളവ് ഉത്തരവിൽ ഉൾപ്പെടും.ഇതോടെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജില്ലാ ജനറൽ ആശുപത്രികളിൽ പരിശീലനം നേടിയതും തുടരുന്നതുമായ കുട്ടികളുടെ ഹൌസ് സർജൻസിക്ക് അംഗീകാരം നഷ്ടമാകും. ഇതോടെയാണ് വിദേശ പഠനം കഴിഞ്ഞെത്തി നിർബന്ധിത പരിശീലനം തുടരുന്ന കുട്ടികൾ സമര രംഗത്തേക്കിറങ്ങി.
ഇക്കാര്യത്തിൽ സംസ്ഥാന മെഡിക്കൽ കൌൺസിൽ ദേശീയ മെഡിക്കൽ കമ്മിഷനെ കൃത്യമായ വിവരം ധരിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്തൊട്ടാകെ നിലവിൽ ഹൌസ് സർജൻസി ചെയ്യുന്ന വിദേശ എംബിബിഎസ് ബിരുദധാരികളായ കുട്ടികളുടെ ഭാവി ഇരുളടയും. ഉന്നതവിദ്യാഭ്യാസത്തിന് ഉടനടി സാധിക്കില്ല. സ്ഥിരം രജിസ്ട്രേഷനും നേടാനാകില്ല.