വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: ആര്‍ ടി ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും
മലപ്പുറം: ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് യാത്രയ്ക്കായി ആര്‍ ടി ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കുന്നത് ഉറപ്പാക്കാന്‍ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനം. നിലവില്‍ അധ്യയനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 31 വരെ ആര്‍ ടി ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് സമയം അനുവദിച്ചു.
കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍ ടി ഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ യോഗം ചേര്‍ന്ന് പരിഹരിക്കും.എ ഡി എം എന്‍ എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം.