CALICUTDISTRICT NEWS
‘വിദ്യാലയം പ്രതിഭകളോടൊപ്പം’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ശിശുദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ഇന്ന് (നവംബര്‍ 14) പ്രമുഖ വ്യക്തികളുടെ വീടുകള്‍ സന്ദര്‍ശിക്കും. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ സന്ദര്‍ശിച്ച് സംവദിക്കുകയും ആദരമര്‍പ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. എം.പി വീരേന്ദ്രകുമാര്‍, യു.എ ഖാദര്‍, പി വത്സല, കെ.പി രാമനുണ്ണി, സുഭാഷ് ചന്ദ്രന്‍, യു.കെ കുമാരന്‍, വി.ആര്‍ സുധീഷ്, പോള്‍ കല്ലനോട്, ഡോ. ഖദീജ മുംതാസ്, കല്‍പ്പറ്റ നാരായണന്‍, മദനന്‍, ഡോ. കെ ശ്രീകുമാര്‍, മാമുക്കോയ, സരസ ബാലുശ്ശേരി, പ്രഭാകരന്‍ പുന്നശ്ശേരി, വീരാന്‍ കുട്ടി, പി കെ പാറക്കടവ് തുടങ്ങി ജില്ലയില്‍ സന്ദര്‍ശിക്കേണ്ട നൂറിലധികം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം ഇവരെ സന്ദര്‍ശിക്കുന്ന സ്‌കൂള്‍, അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.
സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന ആളുകള്‍ക്ക് വിദ്യാഭ്യാസമന്ത്രി എഴുതിയ കത്ത് കൈമാറിയ ശേഷമാണ് അനുമതി വാങ്ങിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി മിനി, സമഗ്ര ശിക്ഷാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ.കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ അറിയിച്ചു. എം.ടി വാസുദേവന്‍ നായരെ തുഞ്ചന്‍ പറമ്പില്‍, മലപ്പുറം ജില്ലയിലെ കുട്ടികള്‍ സന്ദര്‍ശിക്കും. തിരുവനന്തപുരത്ത് സുഗതകുമാരിയുടെ വീട്ടില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ സന്ദര്‍ശനം നടത്തും. പ്രമുഖരുടെ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി പുസ്തകം അച്ചടിച്ച് സ്‌കൂളിലെത്തിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Comments