DISTRICT NEWS

വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും – മന്ത്രി ജി.ആർ.അനിൽ

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ.അനിൽ. സംസ്ഥാനത്തെ മൂന്ന് സ്കൂളുകളിൽ സംഭവിച്ചത് ഭക്ഷ്യവിഷബാധ തന്നെയാണോ എന്നത് ലാബിൽനിന്ന് പരിശോധനാഫലം വന്നശേഷം മാത്രമേ പറയാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സിവിൽ സ്റ്റേഷൻ യു.പി സ്കൂളും സെന്റ് വിൻസെൻ്റ് സ്കൂളും സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. സ്കൂളുകളിൽ പഴകിയ അരി ഇല്ലെന്നും പുതിയ സ്റ്റോക്കാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളിലെ ഭക്ഷണവിതരണത്തിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിക്കുകയെന്നതാണ് പരിശോധനയുടെ ലക്ഷ്യം. വിദ്യാഭ്യാസ, ഭക്ഷ്യ, ആരോ​ഗ്യ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉച്ചഭക്ഷണത്തിന് ഉപയോ​ഗിക്കുന്ന ജലത്തിന്റെ ​ഗുണനിലവാരം ജല അതോറിറ്റി പരിശോധിക്കും. പരിശീലനത്തിന് ശേഷം ഹെൽത്ത് കാർഡുകൾ ലഭിച്ച പാചക തൊഴിലാളികളാണ് നിലവിൽ സ്കൂളുകളിൽ ഉള്ളത്. പരിശോധനാ റിപ്പോർട്ടുകൾ രണ്ടുദിവസത്തികനം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിഷയത്തെ ഗൗരവത്തോടെ ആണ് സർക്കാർ സമീപിക്കുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാൻ ജനകീയ ഇടപെടൽ വേണം. രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാചകപ്പുര ഉൾപ്പെടെ മന്ത്രി സന്ദർശിച്ചു. വരുംദിവസങ്ങളിലും മിന്നൽ പരിശോധന തുടരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തോട്ടത്തിൽ രവീന്ദ്രൻ എം. എൽ.എ, കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ, എ.ഇ.ഒ എം. ജയകൃഷ്ണൻ, നൂൺ മീൽ ഓഫീസർ രവിശങ്കർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button