വിദ്യാർത്ഥികളിലും യുവജനങ്ങളിലും മില്ലറ്റ് അവബോധം ഉണ്ടാവണം: കെ കെ രമ എംഎൽഎ
വടകര: ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ഉതകുന്ന മില്ലറ്റുകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിലും യുവജനങ്ങളിലും ഉണ്ടാവേണ്ടതുണ്ട് എന്ന് കെ കെ രമ എംഎൽഎ പറഞ്ഞു. ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷന്റെ വടകര താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. സെഡ് എ സൽമാൻ “മില്ലറ്റും മില്ലറ്റ് കൃഷിയും” എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കൃഷിക്കൂട്ടം ജില്ലാ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ പേരാമ്പ്ര കൃഷി കൂട്ടങ്ങളെ കുറിച്ച് വിവരിച്ചു. സനേഷ് കുമാർ, എംവിജെ നാഥൻ, ബേബി ഗീത, വി കുഞ്ഞിക്കണ്ണൻ, കെ എം രമേശൻ, വി വസന്ത, ബാബു ഊരാളുങ്കൽ, ഇമ്മാനുവൽ മനോജ്, കെ ബാലൻ, എ വി അംബുജാക്ഷൻ, കെ രാജൻ, സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വടകര മുനിസിപ്പാലിറ്റിയിലും കർഷകർ പങ്കെടുത്ത വടകര താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും കൃഷി കൂട്ടങ്ങൾ രൂപീകരിച്ചു. ഇവർക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും മില്ലറ്റ് വിത്തുകളും മില്ലറ്റ് മിഷൻ നൽകും. ഒക്ടോബറിൽ താലൂക്കിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മില്ലറ്റ് കൃഷി ആരംഭിക്കും. കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും മില്ലറ്റ് വിഭവങ്ങൾ കഴിക്കാൻ നൽകി.
താലൂക്ക് സമിതി ഭാരവാഹികൾ ആയി വി കുഞ്ഞിക്കണ്ണൻ (പ്രസിഡണ്ട്), വി വസന്ത, രാജൻ ചോറോട് (വൈസ് പ്രസിഡണ്ടുമാർ), അശോകൻ കാവിലുംപാറ (സെക്രട്ടറി), അബ്ദുറഹിമാൻ രാമത്ത്, വി മോഹൻദാസ് (ജോയിൻ സെക്രട്ടറിമാർ), കെ എം രമേശൻ (ട്രഷറർ) എന്നിവരെയും 17 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.