വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന നടത്തി
പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാനായി ട്രാഫിക് പൊലീസുമായി സഹകരിച്ച് മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന നടത്തി. ആദ്യഘട്ടമായി കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകളുടെ പരിശോധന ആരംഭിച്ചു. ബസുകളുടെ ടയറുകൾ, വാതിലുകൾ, ഫയർ സേഫ്റ്റി ഉപകരണങ്ങൾ, ഫസ്റ്റ് എയ്ഡ് ബോക്സുകൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ യാത്രയ്ക്കായി ആശ്രയിക്കുന്ന എല്ലാ വാഹനങ്ങളുടെയും കാര്യക്ഷമത പരിശോധിക്കും. സ്കൂൾ ബസുകളുടെ കാര്യക്ഷമത പരിശോധന താലൂക്ക് തലങ്ങളിൽ വരും ദിവസങ്ങളിൽ നടക്കും. പരിശോധനാ സ്റ്റിക്കർ പതിപ്പിക്കാത്ത വാഹനങ്ങൾ സ്കൂൾ വാഹനങ്ങളായി ഓടാൻ അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കൂടുതൽ ബസുകളുള്ള സ്കൂളുകളിൽ മോട്ടോർ വാഹന വകുപ്പ് നേരിട്ടെത്തി പരിശോധന നടത്തും. ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ് 30ന് നടക്കും. ക്ലാസിനുശേഷം നൽകുന്ന സർട്ടിഫിക്കറ്റ് വാഹനത്തിൽ സൂക്ഷിക്കണം. പുതിയ ബസ്സ്റ്റാൻഡിൽ നടന്ന വാഹന പരിശോധന ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ ബെെജു ഫ്ലാഗ് ഒഫ് ചെയ്തു. ട്രാഫിക് എ.സി.പി എ.ജെ ജോൺസൺ, കോഴിക്കോട് ആർ.ടി.ഒ പി.ആർ സുമേഷ് എന്നിവർ പങ്കെടുത്തു.