വിദ്യാർത്ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു
വിദ്യാർത്ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഇടയാറന്മുള എരുമക്കാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ബിനോജ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. അദ്ധ്യാപകര്‍ക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്നും ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി.
കേസില്‍ ആറന്മുള പൊലീസ് ബിനോജ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ നല്‍കിയ പാഠഭാഗങ്ങള്‍ എഴുതിയില്ലെന്ന് പറഞ്ഞ് ചൂരല്‍കൊണ്ട് അദ്ധ്യാപകന്‍ കൈയില്‍ അടിച്ചു എന്നതാണ് പരാതി.വൈകീട്ട് വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.