വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ
വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്ത സംഭവത്തിൽ പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. പ്രത്യേക ആവശ്യങ്ങൾക്കു രക്ഷിതാക്കളുടെ അറിവോടെ മൊബൈൽ ഫോൺ കൊണ്ടുവരാമെന്നാണ് ഉത്തരവിൽ പറയുന്നത്. പിടിച്ചെടുത്ത മൊബൈൽ ഫോൺ വിദ്യാർഥിക്കു തിരികെനൽകാനും ഉത്തരവായി.
കുട്ടികൾ മൊബൈൽഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.അധ്യക്ഷൻ കെ വി മനോജ് കുമാർ, ബി ബബിത, റെനി ആന്റണി എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ചിന്റേതാണ് നിർദേശം. അതേസമയം കുട്ടികൾ സ്‌കൂളുകളിൽ മൊബൈൽഫോൺ ഉപയോഗിക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിലപാട്. സ്കൂൾ സമയം കഴിയുന്നതുവരെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണമെന്നും ബഞ്ച് പറഞ്ഞു.
കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഉണ്ടാക്കുന്ന രീതിയിൽ ദേഹപരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണമെന്നും ബഞ്ച് നിർദേശിച്ചു. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതിയും വേണമെന്ന് അവർ കൂട്ടിച്ചേർത്തു.