വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേര്‍ന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനൊരുങ്ങി സര്‍ക്കാര്‍
വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേര്‍ന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനൊരുങ്ങി സര്‍ക്കാര്‍. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പിന്നീട് വാഹനങ്ങള്‍ വിട്ടുകൊടുക്കൂ. മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അതിനോട് ചേര്‍ന്നുള്ള സ്ഥലത്തും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍, പാതയോരങ്ങളോട് ചേര്‍ന്നുള്ള കാടുകളിലും മറ്റും മാലിന്യം തള്ളുന്നവര്‍, യാത്രയ്ക്കിടെ ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് കവറുകളും പ്ലേറ്റുകളും ഉള്‍പ്പെടെ മാലിന്യം വലിച്ചെറിയുന്നവര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. ഇത്തരം വാഹനങ്ങള്‍ ആവശ്യമെങ്കില്‍ പിടിച്ചെടുക്കാമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് നേരത്തെ ഡിജിപിയും വ്യക്തമാക്കിയിരുന്നു.\]
ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള പൊലീസുകാരടക്കം അംഗമായ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ ഉപയോഗിച്ചാകും ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുക.
തിരുവനന്തപുരം വിമാനത്താവളത്തിന് സമീപവും കഴക്കൂട്ടം-എയര്‍പ്പോര്‍ട്ട് റോഡിലും കോഴിക്കോട് താമരശേരി ചുരത്തിനോട് ചേര്‍ന്നും മാലിന്യങ്ങള്‍ തള്ളുന്നത് സംബന്ധിച്ച് ഉണ്ടായ ചര്‍ച്ചകളാണ് വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. ഇവിടങ്ങളില്‍ കടുത്ത നടപടികളിലേക്ക് നിങ്ങും മുന്‍പ് ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സിസിടിവി കാമറകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.