വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ്
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ്. ജില്ലാ വികസനസമിതി, താലൂക്ക് വികസന സമിതി മാതൃകയില്‍ വില്ലേജ്തല ജനകീയ സമിതി ഏര്‍പ്പെടുത്തുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ അറിയിച്ചു.
കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റവന്യൂ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത മാര്‍ച്ചില്‍ വില്ലേജ് തല ജനകീയ സമിതികള്‍ ഔപചാരികമായി നിലവില്‍ വരും.
പൊതു സമൂഹത്തെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ ഇടപെടല്‍ നടക്കുന്ന സ്ഥലമാണ് വില്ലേജ് ഓഫീസ്. വില്ലേജ് സഭ നിലവില്‍ വരുന്നതോടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികള്‍ അതിവേഗത്തില്‍ പരിഗണിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കോഴിക്കോടിനെ സമ്പൂര്‍ണ്ണ ഇ-ഓഫീസ് ജില്ലയായി മന്ത്രി പ്രഖ്യാപിച്ചു.
‘എല്ലാര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘ എന്ന ആശയമാണ് സമ്ബൂര്‍ണ ഇ- ഓഫീസ് വല്‍കരണത്തിനു പുറകിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂര്‍ണ ഇ- ഓഫീസ് ജില്ലയായി കോഴിക്കോട് മാറി. വയനാടാണ് ആദ്യ പ്രഖ്യാപനം നടന്നത്.