വിഴിഞ്ഞം തുറമുഖത്തേക്ക് ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 എത്തി
വിഴിഞ്ഞം തുറമുഖത്തേക്ക് ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 എത്തി. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഓഗസ്‌റ്റ് 30ന് ചൈനയിൽ നിന്ന് പുറപ്പെട്ട കപ്പൽ, ഒന്നരമാസം നീണ്ട യാത്ര പൂർത്തിയാക്കിയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ഞായറാഴ്‌ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം.
രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 34 വർഷം പ്രായമുള്ള കപ്പലാണ് ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത കപ്പലാണിത്. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റർ. 20 മീറ്റർ വരെ ആഴമുണ്ട്. 70 ടൺ ശേഷിയുള്ളതാണ് ഇവ.
കപ്പലിന്റെ വരവിൽ ഉണ്ടായേക്കാവുന്ന വലിയ സമ്മർദ്ദം താങ്ങാൻ പോലും ബെർത്ത് ശക്‌തമാണ്. കോൺക്രീറ്റ് ചെയ്‌ത പ്രതലത്തിലേക്കാണ് കപ്പൽ അടുപ്പിക്കുന്നത്. കപ്പലിനെ പിടിച്ചു നിർത്താനുള്ള സാങ്കേതിക സംവിധാനങ്ങളും ബെർത്തിൽ ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, ആദ്യ കപ്പൽ എത്തിയെങ്കിലും ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. മെയിൽ ഇവ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും തുറമുഖം കമ്മീഷൻ ചെയ്യുക.