Uncategorized

വീണ്ടും ഡയൽ ചെയ്യും; ബിഎസ്എൻഎല്ലിനെ രക്ഷിക്കാൻ പദ്ധതി

ന്യൂഡൽഹി ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബിഎസ്എൻഎൽ, എംടിഎൻഎൽ കമ്പനികളുടെ പുനരുജ്ജീവന പദ്ധതികൾ കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. ജീവനക്കാർക്കു സ്വയം വിരമിക്കൽ ഉൾപ്പെടെയുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐഐഎം), മാനേജ്മെന്റ് കൺസൽറ്റൻസി സ്ഥാപനമായ ഡെലോയ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗവും ചേർന്നു. ഇരു കമ്പനികളും അടച്ചുപൂട്ടില്ലെന്നും പുനരുജ്ജീവന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

 

4ജി സാങ്കേതിക വിദ്യ വൈകിയതും വരുമാനത്തിൽ ഭൂരിഭാഗവും ശമ്പളത്തിനു വിനിയോഗിക്കുന്നതും കമ്പനിയെ പ്രതിസന്ധിയിലാക്കിയെന്നുമാണു കണ്ടെത്തൽ. ലേലമില്ലാതെ 4ജി സ്പെക്ട്രം ബിഎസ്എൻഎല്ലിന് അനുവദിക്കുന്നതു ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ(ട്രായ്) പരിഗണനയിലുണ്ട്. എന്നാൽ 2012ലെ സുപ്രീം കോടതി ഉത്തരവ് നിലവിലുള്ളതിനാൽ ഇക്കാര്യത്തിൽ നിയമോപദേശം തേടേണ്ടതുണ്ടെന്നു കേന്ദ്ര ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. സ്വകാര്യ കമ്പനികൾ 4ജി വിദ്യയുമായി ഏറെ മുന്നിലെത്തിയത് ഇരു കമ്പനികളെയും തളർത്തിയിരുന്നു.

 

ജീവനക്കാരുടെ എണ്ണം കുറയ്ക്കാതെ കമ്പനികൾക്കു മുന്നോട്ടു പോകാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബിഎസ്എ‌ൻഎൽ വരുമാനത്തിന്റെ 60 ശതമാനവും എംടിഎൻഎൽ വരുമാനത്തിന്റെ 90 ശതമാനവും ശമ്പളത്തിനാണു വകമാറ്റുന്നത്. ഇരു കമ്പനികളിലും 50 വയസ്സിനു മുകളിലുള്ള ജീവനക്കാർ ഏറെയുള്ളതിനാൽ സ്വയം വിരമിക്കൽ സംവിധാനം(വിആർഎസ്) നടപ്പാക്കണമെന്നു ശുപാർശയുണ്ട്. നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ ഇതിനു തയാറായില്ലെങ്കിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കണം. ബിഎസ്എൻഎൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന  സ്ഥലം വാടകയ്ക്കു നൽകി വരുമാനം വർധിപ്പിക്കണം. ജീവനക്കാരുടെ ഉത്തരവാദിത്തം വർധിപ്പിക്കാൻ നടപടി സ്വീകരിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.

 

ശമ്പളം പോലും നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇരു കമ്പനികളും. ഫെ‌ബ്രുവരി മുതൽ ദിവസങ്ങൾ വൈകിയാണു ബിഎസ്എൻഎല്ലിൽ ശമ്പളം നൽകുന്നത്. ഇരു കമ്പനികളെയും മുന്നോട്ടുകൊണ്ടുപോകാൻ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button