സംസ്ഥാനത്ത് വീണ്ടും പനി മരണം; എട്ടാം ക്ലാസ് വിദ്യാർഥി പനി ബാധിച്ച് മരിച്ചു
തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്. ഇക്കഴിഞ്ഞ 15ന് പനി ബാധിച്ചതിനെ തുടർന്ന് ആലപ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിൽസ തേടിയിരുന്നു. ഭേദമാവാതിരുന്നതിനെ തുടർന്ന് 17 ന് വീണ്ടും പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി രക്തപരിശോധനയടക്കമുള്ളവ നടത്തിയിരുന്നു. ഈ പരിശോധനയില്‍ മറ്റു കുഴപ്പങ്ങളൊന്നും കണ്ടിരുന്നില്ല.
എന്നാല്‍ രണ്ട് ദിവസം കൂടി കഴിഞ്ഞും പനി കുറയാതിരുന്നതിനെ തുടർന്ന് പഴുവിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്കെത്തി. ഇവിടെ രക്തപരിശോധന നടത്തിയതിൽ പ്ളേറ്റ്ലെറ്റ് കൗണ്ട് കുറവ് കണ്ടെത്തിയതിനെ തുടർന്ന് 20ന് മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.ഇവിടെയും വിദഗ്ദ പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പനി മൂർഛിച്ചതിനെ തുടർന്ന് കുട്ടികളുടെ വിഭാഗം ഐ.സി.യുവിലേയ്ക്ക് മാറ്റി വിദഗ്ദ പരിശോധന നൽകിയെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.