Uncategorized

വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ചോദിച്ചു. കേരള ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ്‌ അസോയിയേഷ (കെ.ജി.എം.സി.ടി.എ) നെതിരേ അതിരൂക്ഷവിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേയല്ലാതെ മറ്റാര്‍ക്കെതിരേയാണ് നടപടി എടുക്കേണ്ടതെന്ന് മന്ത്രി ചോദിച്ചു.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകുകയും പിന്നീട് രോഗി മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജിലെ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശസ്ത്രക്രിയാ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി എടുത്തത്.
‘സര്‍ക്കാര്‍ ആശുപത്രികളില്‍, മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്ന ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. ഓരോ വ്യക്തിയുടെയും ജീവന്‍ പ്രധാനപ്പെട്ടതാണ്. അതില്‍ ഡോക്ടര്‍മാര്‍ക്ക് ഉത്തരവാദിത്തമില്ലെങ്കില്‍ പിന്നെയാര്‍ക്കാണ് ഉത്തരവാദിത്തമുള്ളത്. വിദ്യാര്‍ഥികള്‍ക്കോ? മന്ത്രി ആരാഞ്ഞു.
അവയവമാറ്റ ശസ്ത്രക്രിയാ വിവാദത്തിനു പിന്നാലെയുണ്ടായ സസ്‌പെന്‍ഷന്‍ നടപടിക്കെതിരേ കെ.ജി.എം.സി.ടി.എ. പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ചികിത്സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ, വിശദമായ ഒരു അന്വേഷണവും നടത്താതെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായതെന്ന് കെ ജി എം സി ടി എ  പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണെന്നും ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന (രൂക്ഷമായ ഡോക്ടര്‍മാര്‍ ഉല്‍പ്പെടയുള്ള ജീവനക്കാരുടെ കുറവും) സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണെന്ന് കെ ജി എം സി ടി എ ആരോപിക്കുന്നു.
മാത്രമല്ല, ശരിയായ അന്വേഷണം നടത്താതെ എടുത്ത ശിക്ഷാനടപടികള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും . ആവശ്യപ്പെടുന്നുണ്ട്. മെഡിക്കല്‍ കോളേജിന്റെ പരിമിതികളെക്കുറിച്ച് ചര്‍ച്ചവേണമെന്നും തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും പ്രസ്താവനയില്‍ ഡോക്ടര്‍മാരുടെ സംഘടന പറയുന്നുണ്ട്.

കാലാകാലങ്ങളായി തുടർന്നുവരുന്ന രീതികൾ ആ നിലയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ല. സമരത്തിലേക്ക് പോകുമെന്ന് പറയുന്നത് എന്ത് സമീപനമാണ്? ഒരു സംഭവം നടന്നാൽ സ്വീകരിക്കുന്ന സസ്പെൻഷൻ ശിക്ഷാ നടപടിയില്ല. എന്നാൽ അത് സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ആളുകളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത നടപടിയാണിത്. രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കും. സർക്കാർ ജനങ്ങളുടെ സർക്കാരാണ്. ജനത്തിന്റെ നികുതിപ്പണം കൊണ്ടാണ് ആശുപത്രികൾ അടക്കം പ്രവർത്തിക്കുന്നത്. ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. മികച്ച ചികിത്സ ലഭിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു വർഷത്തിനിടെ സേവന നിലവാരം മെച്ചപ്പെടുത്താൻ പ്രത്യേകമായ ഇടപെടൽ നടത്തി. നിർദ്ദേശങ്ങൾ ഇതിനായി നൽകിയിട്ടുണ്ട്. അത് ചെയ്തില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button