വൃദ്ധദമ്പതിമാരെ വീട്ടില്‍ കയറി തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ് ഭര്‍ത്താവ് മരിച്ചു
തിരുവനന്തപുരം: കിളിമാനൂരില്‍ വൃദ്ധദമ്പതിമാരെ വീട്ടില്‍ കയറി തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് പള്ളിക്കല്‍ മടവൂര്‍ കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പാണ് (70) മരിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കുമാരിയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമം നടത്തിയ പനപ്പാംകുന്ന് സ്വദേശി ശശിധരന് നായരെയും പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന് നായര്‍ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഇരുവരെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്നുമാണ് വിവരം. ആക്രമണത്തിനിടെ ശശിധരന് നായര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രഭാകരക്കുറുപ്പിന്റെ ജീവന് രക്ഷിക്കാനായില്ല.