Uncategorized

വെല്‍നെസ് സെന്റര്‍ തുടങ്ങാൻ സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങും

വെല്‍നെസ് സെന്റര്‍ തുടങ്ങുന്നതിനായി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഔഷധി വാങ്ങാൻ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ  ഔഷധി ഡയറക്ടർ ബോർഡ് അനുമതി നൽകി. വില സംബന്ധിച്ച കാര്യങ്ങളൊന്നും ചർച്ചയായില്ല.  പുതിയ ചികിത്സാ കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലമാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമമെന്ന് ഔഷധി യോഗം വിലയിരുത്തി.

സ്ഥലവും കെട്ടിടവും വിലയിരുത്തുന്നതിന്റെ ചുമതല ജില്ലാ കലക്ടര്‍ക്കാണ്. കഴിഞ്ഞ ദിവസം അധികൃതർ ആശ്രമത്തിൽ സന്ദർശനം നടത്തിയിരുന്നു. ഏറ്റെടുക്കാൻ ശുപാർശയും നൽകി. കെട്ടിടം, സ്ഥലം എന്നിവയ്ക്കുള്ള വില എത്രയെന്ന് കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തും.

73 സെന്റ് സ്ഥലവും ഇരുനില കെട്ടിടവുമാണ് ആശ്രമത്തിനുള്ളത്. ദീർഘകാലത്തേക്ക് വാടകയ്ക്ക് എടുക്കുന്നതിനും ആദ്യം പദ്ധതിയുണ്ടായിരുന്നു. ഔഷധിയുടെ മാനേജിങ് ഡയറക്ടർ വെൽനെസ് സെന്റർ ആക്കാൻ അനുയോജ്യമായ സ്ഥലമാണെന്ന് അറിയിച്ച് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അതേസമയം, സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഔഷധിയുടെ ഭരണസമിതി നിയമ വിധേയമായി ആലോചനകള്‍ നടത്താമെന്നും മന്ത്രി പറഞ്ഞു.  തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് പുതിയ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button