വെള്ളിമാടുകുന്ന് ബോയ്‌സ്ഹോമിൽ നിന്നും നാലു കുട്ടികൾ ചാടിപ്പോയി
വെള്ളിമാടുകുന്ന് ബോയ്‌സ്ഹോമിൽ നിന്നും നാലു കുട്ടികൾ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ചാണ് 16 വയസുള്ള രണ്ടുപേരും 15 വയസുള്ള രണ്ടുപേരും പുറത്തുകടന്നത്. ചാടിപ്പോയവരിൽ ഒരാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായും കുട്ടികളുടെ വിവരങ്ങൾ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ആർപിഎഫിനും കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ അഞ്ചരയോടെ വാർഡന്‍ ആദ്യം മുറിയിൽ പരിശോധയ്ക്കായി എത്തിയെങ്കിലും പായയിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന പോലെ കണ്ടു. എന്നാൽ പിന്നീട് പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്താതെ വന്നതോടെ മുറിയിൽ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് പായയിൽ തലയണ പുതപ്പുകൊണ്ട് മുടി ഡമ്മിയുണ്ടാക്കി കുട്ടികൾ രക്ഷപ്പെട്ടതായി തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയുടെ ജനലഴി പൊളിച്ച് 4 പേരും അതുവഴി രക്ഷപ്പെട്ടതായി മനസിലാക്കുന്നത്. ആറരയോടെ സംഭവം പൊലീസിൽ അറിയിച്ച് അന്വേഷണം ആരംഭിച്ചു.
ബോയ്‌സ്ഹോമിൽ കുട്ടികളുടെ സുരക്ഷയ്ക്കായി രണ്ടു വാർഡനെയും ഒരു സൂപ്രണ്ടിനെയും നിയമിച്ചിട്ടുണ്ട്. എന്നാൽ സംഭവ സമയത്ത് സൂപ്രണ്ട് സ്ഥലത്തുണ്ടായിരുന്നില്ല എന്നാണ് മറ്റു ജീവനക്കാർ പറയുന്നത്. കുട്ടികളെ നോക്കേണ്ട വാർഡന്‍മാർ ജനലഴി അടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടില്ല എന്ന കാര്യത്തിലും ദുരൂഹതയുണ്ട്. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.