KERALA

വൈദ്യുതി ലൈൻ പൊട്ടി വീണുണ്ടാകുന്ന അപകട സാദ്ധ്യത കണക്കിലെടുത്ത് അലുമിനിയം കമ്പികൾക്ക് പകരം ഇൻസുലേറ്റഡ് കേബിളുകൾ ഉപയോഗിക്കാൻ കെ.എസ്.ഇ.ബിക്ക് മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം

കോഴിക്കോട്: വൈദ്യുതി ലൈൻ പൊട്ടി വീണുണ്ടാകുന്ന അപകട സാദ്ധ്യത കണക്കിലെടുത്ത് പരമ്പരാഗത അലുമിനിയം കമ്പികൾക്ക് പകരം ഇൻസുലേറ്റഡ് കേബിളുകൾ ഉപയോഗിക്കാൻ കെ.എസ്.ഇ.ബിക്ക് മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം. ഊർജ് വകുപ്പ് സെക്രട്ടറിക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവ് നൽകിയിരിക്കുന്നത്. തൊണ്ടയാടിന് സമീപം പുതിയറയിൽ നിലത്ത് കിടന്ന വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മ മരിച്ചതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ എ. സി. ഫ്രാൻസിസ് നൽകിയ പരാതിയിലാണ് നടപടി. കമ്മിഷൻ ഫറോക്ക് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. അപകടത്തിന് തലേന്നാണ് കമ്പി പൊട്ടി വീണത്. നാട്ടുകാർ പൊറ്റമ്മൽ വൈദ്യുതി ബോർഡ് ഓഫീസിൽ അറിയിച്ചെങ്കിലും ലൈൻ ഓഫാക്കിയില്ല. വീട്ടമ്മ മരിച്ച ശേഷമാണ് ലൈൻ ഓഫാക്കിയതെന്ന് പറയുന്നു.

വിവരം ലഭിച്ചയുടൻ ലൈൻ ഓഫാക്കിയിരുന്നെങ്കിൽ പത്മാവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് എക്‌സിക്യുട്ടീവ് എൻജിനിയർ നൽകിയ റിപ്പോർട്ടിലുള്ളത് കമ്പി പൊട്ടി വീണത് വിജനമായ പറമ്പിലാണെന്നും വിവരമറിയാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതി പരിഹരിക്കാൻ നിയുക്തനായ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തുന്നതിനു മുമ്പാണ് അപകടം നടന്നത്. ഷോക്കേറ്റ വിവരം അറിഞ്ഞയുടൻ ഫീഡർ ഓഫ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഊർജ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button