Uncategorized

വൈദ്യുത ഓട്ടോയ്ക്ക് 30,000 രൂപ സബ്സിഡി

കൊച്ചി ∙ ഇ–മൊബിലിറ്റി പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്തു ഇൗ വർഷം 30,000 രൂപ സബ്സിഡിയിൽ 10,000 ഓട്ടോറിക്ഷകൾ വിതരണം ചെയ്യുന്നു . വൈദ്യുത വാഹന പ്രോൽസാഹന ഫണ്ടിൽ നിന്ന് ഇതിനായി മോട്ടർ വാഹന വകുപ്പിനു 12 കോടി രൂപ കൈമാറി. പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്കു സബ്സിഡി തുക ലഭിക്കുന്ന തരത്തിലാണു പദ്ധതി നടപ്പാക്കുന്നതെന്നു ഗതാഗത വകുപ്പ് അറിയിച്ചു. 10,000 ഓട്ടോകളിൽ പകുതിയും സ്ത്രീകൾക്കായിരിക്കും. ഓട്ടോറിക്ഷാ ഡ്രൈവിങ് അറിയാത്ത സ്ത്രീകൾക്കു ഡ്രൈവിങ് പരിശീലനം നൽകാനുള്ള പദ്ധതിയും ഇതിനൊപ്പം നടപ്പാക്കും .

 

2 ലക്ഷം രൂപയോളം വിലവരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് സംസ്ഥാന സർക്കാരിന്റെ 30,000 രൂപയുടെ സഹായത്തിനു പുറമെ, പുതിയ കേന്ദ്ര ബജറ്റിൽ വൈദ്യുതി വാഹനങ്ങൾക്കു പ്രഖ്യാപിച്ച ആനുകൂല്യം കൂടിയാകുമ്പോൾ ഓട്ടോറിക്ഷാ സർവീസ് ഏറ്റവും ലാഭത്തിൽ നടത്താനാവും. ബജറ്റ് ശുപാർശ നടപ്പാകുമ്പോൾ പുതിയ വൈദ്യുത വാഹനം വാങ്ങാനെടുക്കുന്ന വായ്പയുടെ പലിശയ്ക്ക് ആദായനികുതിയിളവു ലഭിക്കും.

 

സബ്സിഡി 2 തരം

 

സർക്കാർ കമ്പനിയായ കേരള ഓട്ടമൊബീൽസിൽനിന്ന് ഇ– ഓട്ടോറിക്ഷ വാങ്ങുന്നവർക്കാണ് 30,000 രൂപ സബ്സിഡിക്ക് അർഹത. സ്വകാര്യ കമ്പനികളിൽനിന്നു ഇ–ഓട്ടോ വാങ്ങിയാൽ സബ്സിഡി 25,000 രൂപയേ ലഭിക്കൂ. അടുത്ത സംസ്ഥാന ബജറ്റിൽ ഇൗ പദ്ധതിക്കു കൂടുതൽ തുക വകയിരുത്തുമെന്നും ഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു. 10,000 ഓട്ടോകൾക്കു സബ്സിഡി നൽകാനുള്ള തുക വകയിരുത്തിയിട്ടുണ്ടെങ്കിലും അത്രയും ഓട്ടോറിക്ഷകൾ ഇൗ വർഷം ഇൗ ആനുകൂല്യം ഉപയോഗപ്പെടുത്തുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നില്ല . കേരള ഓട്ടമൊബീൽസിൽ ഇൗ വർഷം 250–350 ഇ–ഓട്ടോകൾ മാത്രമേ ഉൽപാദിപ്പിക്കാൻ കഴിയൂ എന്നാണു കരുതുന്നത്.

 

ചാർജിങ് സൗകര്യത്തിനും  സർക്കാർ സഹായം

 

വൈദ്യുതി വാഹനങ്ങൾക്കു ചാർജിങ് സൗകര്യമൊരുക്കുന്നവർക്കും സഹായം നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട് . നിലവിൽ കെഎസ്ഇബിയാണു ചാർജിങ് സൗകര്യമൊരുക്കാൻ മുന്നോട്ടു വന്നിട്ടുള്ളത് . 3 മുതൽ 4 മണിക്കൂർ വരെ ചാർജിങ്ങിനു വേണ്ടിവരുന്നുവെന്നതാണു വൈദ്യുതി ഓട്ടോയുടെ പോരായ്മ . 30,000 രൂപ മുടക്കിയാൽ ചാർജിങ് സ്റ്റേഷനുകൾ തയാറാക്കാം. 2 കിലോ വാട്ട് മോട്ടറും ചാർജിങ് ബാറ്ററിയും ചേർന്നതാണ് വൈദ്യുതി ഓട്ടോ. ഒറ്റ ചാർജിങ്ങിൽ 100 കിലോമീറ്റർ ഓടാം. ഒരു കിലോമീറ്റർ ഓടിക്കാൻ ഇന്ധനച്ചെലവ് 50 പൈസ മാത്രം. വീട്ടിലെ പ്ലഗ് പോയിന്റിൽനിന്നും ഓട്ടോ ചാർജ് ചെയ്യാം. പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ ചാർജിങ് സമയം കുറയ്ക്കാനാവും. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന സമയത്തിൽ വൈദ്യുതി വാഹനം ചാർജ് ചെയ്യാവുന്ന സംവിധാനം വിദേശ രാജ്യങ്ങളിലൂണ്ട്. 30 ലക്ഷത്തോളം രൂപ ഇതിനു ചെലവു വരും.

 

ലാഭം ഇങ്ങനെ

 

ഡീസൽ ഓട്ടോ 100 കിലോമീറ്റർ ഓടിക്കാൻ 250 രൂപയുടെ ഡീസൽ വേണം. ഇത്രയും ദൂരം ഇ ഓട്ടോ ഓടിക്കാൻ ഇന്ധനച്ചെലവ് 50 രൂപ മാത്രം. ഒരു ഓട്ടോ ശരാശരി 100 കിലോമീറ്ററാണ് ഒരു ദിവസം ഓടുന്നത് . അതായത് ഒരു ഇ–ഓട്ടോയ്ക്ക് ദിവസം 200 – 250 രൂപ അധിക വരുമാനം ലഭിക്കുന്നു .

 

ബാറ്ററിക്കാര്യം

 

ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വിലയിൽ പകുതിയോളം വരുന്നത് അതിന്റെ ബാറ്ററിക്കാണ്. ബാറ്ററി ഉൾപ്പെടെയുള്ള ഓട്ടോകളാണു കേരള ഓട്ടോമൊബീൽസ് ഇപ്പോൾ നിർമിക്കുന്നത്. ബാറ്ററി വേറെ ഘടിപ്പിക്കാവുന്ന ഓട്ടോകളാണെങ്കിൽ വാഹനത്തിന്റെ വില ഗണ്യമായി കുറയും . പാചക വാതക ഗ്യാസ് സിലിണ്ടർ മാറ്റുന്നതു പോലെ പകരം വയ്ക്കാവുന്ന ( സ്വാപിങ് ) ബാറ്ററികൾ ലഭിച്ചാൽ ചാർജിങ് ഒരു പ്രശ്നമാവില്ല . ദേശീയതലത്തിൽ തന്നെ ഇത്തരമൊരു പ്രോജക്ട് ആലോചനയിലുണ്ട് .
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button