വോട്ടെടുപ്പിനിടെ മദ്യവിതരണം: വാനും ഉടമയും കസ്റ്റഡിയിൽ
പേരാമ്പ്ര:വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ബൂത്തിനടുത്ത് മദ്യം വിളമ്പിയതായി പരാതി. ചക്കിട്ടപാറ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മത്സരിക്കുന്ന ലീഗ് സ്ഥാനാർഥി നുസ്റത്തിനുവേണ്ടിയാണ് മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത്. കുളത്തുവയൽ സെന്റ് ജോർജ് എൽപി സ്കൂളിലെ ബൂത്തിന് പിൻവശം പാർക്ക് ചെയ്ത ഒമ്നി വാനിൽ വെച്ച് ഉച്ചക്ക് രണ്ടുമുതൽ സ്ഥാനാർഥിയുടെ ചീഫ് ഏജന്റിന്റെ നേതൃത്വത്തിലാണ് മദ്യം നൽകിയത്. വൈകിട്ട് നാലോടെ സംഭവം ശ്രദ്ധയിൽപെട്ട എൽഡിഎഫ് പ്രവർത്തകർ ചേർന്ന് മദ്യ വിതരണം തടഞ്ഞു.
ബഹളംകേട്ട് പൊലീസെത്തിയപ്പോൾ മദ്യം നിലത്തൊഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കെ എൽ 56 ക്യു 4170 നമ്പർ വെള്ള ഒമ്നി വാനും മൂന്നു കുപ്പി മദ്യവും വാൻ ഉടമ റോബി മാളിയേക്കലും പെരുവണ്ണാമൂഴി പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. മദ്യ വിതരണത്തിന് നേതൃത്വം നൽകിയ ഷാജു മാളിയേക്കൽ സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് ആയതിനാൽ തൽക്കാലം കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കെ മദ്യം വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ നീക്കം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.