വ്യാജക്കള്ള്. മാസപ്പടി ലിസ്റ്റിൽ 13 എക്സൈസ് ഉദ്യോഗസ്ഥർ.
വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിര്‍മ്മാണ ലോബിയെ സഹായിച്ചുപോന്ന 13 എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കാനും തീരുമാനിച്ചതായി എക്സൈസ് വകുപ്പ് മന്ത്രി.
ആലത്തൂര്‍ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണില്‍ നിന്നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണിത്. ജൂൺ 27നാണ് വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടില്‍ റെയ്ഡ് ചെയ്ത് 1312 ലിറ്റര്‍ സ്പിരിറ്റ്, 2220 ലിറ്റര്‍ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ കണ്ടെടുത്തത്. തുടര്‍ന്ന് എക്സൈസ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ വീട്ടില്‍ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയല്‍ ബാലന്‍സ് കാണിക്കുന്ന കമ്പ്യൂട്ടര്‍സ്റ്റേറ്റ്മെന്റ്, ക്യാഷ്ബുക്കുകള്‍, വൗച്ചറുകള്‍ എന്നിവ കണ്ടെടുത്തു.
വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ അന്വേഷകരെ തന്നെ ഞെട്ടിച്ചു. ജില്ലാതലം മുതല്‍ റേഞ്ച് തലം വരെയുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ വര്‍ഷങ്ങളായി വ്യാജകള്ള് നിര്‍മ്മാണം നടന്നുവരികയായിരുന്നു എന്ന് മാസപ്പടി രേഖകളിൽ നിന്നും കണ്ടെത്തി.
ആലത്തൂര്‍ റെയ്ഞ്ച് ഓഫീസില്‍ 93/2021 ക്രൈംനമ്പറില്‍ ഒമ്പത് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സമഗ്രവും വിശദവുമായ അന്വേഷണം നടക്കേണ്ടതിനാലാണ് കേസ് വിജിലന്‍സ് അൻ്റ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറുന്നത്.
എക്സൈസ് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ ഐ പി എസ്, വിജിലന്‍സ് എസ് പി മുഹമ്മദ് ഷാഫി, എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തെ മന്ത്രി അഭിനന്ദിച്ചു.