വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു
കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. 306, 498 എ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റിലായിരുന്നു റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 1 ാം തിയ്യതി രാത്രിയായിരുന്നു മരണം. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച ദിവസം ദുബായ് പൊലീസെടുത്ത കേസില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് റിഫയുടെ സഹോദരന്‍ റിജുന്‍ പറഞ്ഞു. കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റിഫ യുട്യൂബിലൂടെ വ്ളോഗിംഗ് ആരംഭിച്ചത്.
മരിക്കുന്നതിന് മുന്‍പ് രാത്രി റിഫ വീഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ജോലി സ്ഥലത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് മകന് ചുംബനം നല്‍കിയാണ് റിഫ സംസാരം അവസാനിപ്പിച്ചത്. അതിനു ശേഷം ഫ്‌ളാറ്റില്‍ എത്തിയ റിഫ ഉമ്മ ഷറീനക്ക് വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ചിരുന്നു. രാത്രി വൈകി എത്തിയ ഈ സന്ദേശം ഉമ്മ കണ്ടിരുന്നില്ല. ശബ്ദ സന്ദേശത്തില്‍ കരഞ്ഞുകൊണ്ട് റിഫ പറഞ്ഞത് ‘വേഗം ബോട്ടിമിലേക്ക് വാ ഉമ്മാ’… എന്നായിരുന്നു. അതിനു മുന്‍പ് സഹോദരന്‍ റിജുന് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്ന കാര്യത്തിലും കുടുംബം ദുരൂഹത സംശയിച്ചിരുന്നു.