ശനി,ഞായർ അവധി. പ്രവർത്തി ദിനങ്ങൾ കുറക്കുന്നത് വീണ്ടും പരിഗണനയിൽ
സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസമാക്കാനുള്ള നിർദ്ദേശം വീണ്ടും പരിഗണനയിൽ. ഇതു സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിച്ച് ഭേദഗതികളോടെ മുഖ്യമന്ത്രിക്കു കൈമാറി.
ഭരണപരിഷ്‌കാര കമ്മിഷന്റെ നാലാമത് റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ശനിയാഴ്ചകള്‍ അവധിയാക്കുന്നതിലൂടെ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സമയം സമയ ക്രമീകരണത്തിലൂടെ ലഭിക്കും എന്ന വിലയിരുത്തലാണുള്ളത്. മുഖ്യമന്ത്രി ഇതു സംബന്ധിച്ച് അനുകൂല നിലപാട് എടുത്താൽ നിർദ്ദേശം നടപ്പാവും.
വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്‍ പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കണമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇ.കെ നായനാര്‍ അധ്യക്ഷനായിരുന്ന മൂന്നാം ഭരണപരിഷ്‌കാര കമ്മിറ്റിയും 1999ല്‍ ഇതേ കാര്യം ശുപാര്‍ശ ചെയ്തിരുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെയായി പ്രവൃത്തിസമയം മാറ്റണമെന്നും ശുപാര്‍ശയുണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലുംതമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, ബീഹാര്‍, ഗോവ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലും ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിവസങ്ങളാണുള്ളത്.
ജോലി സമയം, അവധി, പഞ്ചിങ് സംവിധാനം എന്നിവയടക്കം പ്രത്യേക പാക്കേജ് ആയാകും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക.
ശനിയാഴ്ച കൂടി അവധി നല്‍കുന്നതോടെ പൊതു അവധി, പ്രത്യേക അവധി, നിയന്ത്രിത അവധി എന്നിവയില്‍ കുറവുണ്ടാകും. ശനിയാഴ്ച അവധിയാക്കിയാല്‍ ഓഫിസുകളുടെ പ്രവൃത്തിസമയത്തിലും മാറ്റം വരും. നിലവില്‍ ഏഴു മണിക്കൂറാണ് ജോലി സമയം. ഇത് അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ദീർഘിപ്പിക്കാം.