വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യവകുപ്പ് മന്ത്രി. തിരുവനന്തപുരം നഗരത്തില്‍ അപകടത്തിൽപ്പെട്ട കുടുംബത്തിനാണ് മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പാക്കിയത്. മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുമ്പോഴാണ് ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന പേയാട് സ്വദേശികളായ അനുവും കുടുംബവും അപകടത്തില്‍പ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെ പാളയം വി ജെ ടി ഹാളിനു സമീപം അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനേയാണ് മറ്റൊരു ബൈക്ക് ഇടിച്ചത്. അനുവിന്റെ സഹോദരൻ്റെ മക്കളെ കൂടി ഓണാഘോഷവും ലൈറ്റും കാണിച്ച് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് ബൈക്കില്‍ നിന്നും ആതിര മക്കളുമായി തെറിച്ച് വീണു. ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി. ബൈക്ക് ആതിരയുടെ കാലില്‍ വീണ് പരിക്കേറ്റു. മറ്റാര്‍ക്കും പരിക്ക് പറ്റിയില്ല.
