ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 7,07,157 ടിന്‍ അരവണ; ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം
ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ശബരിമലയില്‍ സീല്‍ ചെയ്തത് 707157 ടിന്‍ അരവണ. ഇതില്‍ ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. അരവണ നിര്‍മാണത്തിനായി ഉപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അരവണ വിതരണം നിര്‍ത്തിവച്ചിരുന്നത്. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിർത്തിവെച്ചത് ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു.
ഈ സാഹചര്യം മുൻനിർത്തിയാണ് പുലർച്ചെ തന്നെ ഭക്തർക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. അതേസമയം ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി.