Uncategorized

ശരീരത്തിലെത്തുന്ന കൊഴുപ്പ് എങ്ങനെ നിയന്ത്രിക്കാം?

ഭക്ഷണത്തില്‍ കൊഴുപ്പിന്‍റെ അളവു കുറയ്ക്കണമെന്ന് മിക്കവര്‍ക്കും അറിയാം. ഈ ഉദ്ദേശ്യത്തോടെയാണ് കേരള സർക്കാർ രണ്ടു വര്‍ഷം മുമ്പ് കൊഴുപ്പിന് നികുതി ഏര്‍പ്പെടുത്തിയത്. കൊഴുപ്പ് നമ്മുടെ ശരീരത്തിന് അത്യാവശ്യം വേണ്ട ഒരു പോഷകമാണ്. ആരോഗ്യപരമായി നോക്കിയാല്‍ എല്ലാ കൊഴുപ്പും ഒരു പോലെയല്ല. പ്രധാനമായും മൂന്നുതരമുണ്ട് അത്. നല്ല കൊഴുപ്പ്, ചീത്തകൊഴുപ്പ്, ഏറ്റവും ചീത്തകൊഴുപ്പ്, ട്രാന്‍സ്ഫാറ്റ് എന്ന് വിളിക്കുന്ന കൊഴുപ്പാണ് ഏറ്റവും ചീത്ത.

 

എന്താണ് ട്രാൻസ്ഫാറ്റ് / ട്രാന്‍സ്ഫാറ്റി ആസിഡ്?
വെജിറ്റബിള്‍ ഓയിലില്‍ ഹൈഡ്രജന്‍  ആറ്റം കടത്തിവിട്ട് ഫാക്ടറിയില്‍ ഉണ്ടാക്കുന്ന കൃത്രിമ എണ്ണ (ഹൈഡ്രോജിനേറ്റഡ് വെജിറ്റബിള്‍ ഓയില്‍) ആണിത്. വനസ്പതി, ഡാല്‍ഡ എന്നീ പേരുകളില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നു.

 

എങ്ങനെ ശരീരത്തിലെത്തുന്നു?
നാം നിത്യേന കഴിക്കുന്ന പലഭക്ഷണ പദാർഥങ്ങളിലും ഇവ അടങ്ങിയിട്ടുണ്ട്. കേക്ക് പോലുള്ള ബേക്ക് ചെയ്ത ഉല്‍പന്നങ്ങള്‍, ജങ്ക് ഫുഡ്സ്, സ്നാക്സ്, പീത്‌സ തുടങ്ങിയവ. വിലക്കുറവ്, രുചി, കൂടുതല്‍ കാലം  കേടുകൂടാതിരിക്കുന്നു എന്നീ സവിശേഷതകള്‍ ഇവ ഉപയോഗിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നു.

 

എണ്ണ 180 ഡിഗ്രിയില്‍ കൂടുതല്‍ ചൂടാക്കുമ്പോഴും ട്രാന്‍സ്ഫാറ്റ് ഉണ്ടാകുന്നു. അതുകൊണ്ട് ഫ്രൈഡ് ഫുഡും ഫാസ്റ്റ് ഫുഡും ഒക്കെ കഴിക്കുമ്പോള്‍ ട്രാന്‍സ്ഫാറ്റ് ശരീരത്തിലെത്തുന്നു. ഭക്ഷണത്തില്‍ ട്രാന്‍സ്ഫാറ്റ് 5 ശതമാനത്തില്‍ താഴെ മാത്രമേ അനുവദനീയമായിട്ടുള്ളൂ. പക്ഷേ ബേക്കറി ഉല്‍പന്നങ്ങളില്‍ 18 – 19 ശതമാനം വരെ ഇത് അടങ്ങിയിരിക്കുന്നു.

 

ആരോഗ്യപ്രശ്നങ്ങള്‍
ട്രാന്‍സ്ഫാറ്റ് കൂടുതലായി ശരീരത്തിലെത്തിയാല്‍ ഗൗരവമേറിയ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാവും. അതുകൊണ്ടാവാം പോഷകശാസ്ത്രം കണ്ടെത്തിയിട്ടുള്ള ഒരു വലിയ കുഴപ്പക്കാരനായാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

 

∙ ഹൃദയാഘാതം – ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കുന്ന പ്രധാന വില്ലന്‍
∙ സ്ട്രോക്ക്
∙ അമിതവണ്ണം
∙ പ്രമേഹം
∙ മെറ്റബോളിക് സിന്‍ഡ്രോം
∙ കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍

 

ടോട്ടല്‍ കൊളസ്ട്രോള്‍, ചീത്തകൊളസ്ട്രോളായ എല്‍ഡിഎല്‍ എന്നിവ കൂട്ടുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കുറയ്ക്കുന്നു. ഇവയെല്ലാം ഹൃദയാഘാതത്തിന്‍റെയും സ്ട്രോക്കിന്‍റെയും പ്രധാന അപകടഘടകങ്ങളാണ്.

 

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത് 2023 നകം ലോകത്ത് ട്രാന്‍സ്ഫാറ്റിന്‍റെ ഉല്‍പാദനം പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നാണ്. ഈ ദിശയിലുള്ള ആദ്യത്തെ നിയമനിര്‍മാണം ന്യൂയോര്‍ക്ക് സിറ്റി 2008 ല്‍ തന്നെ നടപ്പാക്കിക്കഴിഞ്ഞു. കേരളത്തില്‍ ബേക്കറി ഉടമകളുടെ സംഘടനകളുമായി സർക്കാർ ട്രാന്‍സ്ഫാറ്റിന്‍റെ തോത് കുറയ്ക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി. ട്രാന്‍സ്ഫാറ്റിന്‍റെ ഉല്‍പാദനം പൂര്‍ണമായി നിര്‍ത്തുന്നതുവരെ വരെ നമുക്ക് ചെയ്യാവുന്നത്  അവ ചേര്‍ത്ത് ഉണ്ടാക്കിയ ഭക്ഷണ പദാര്‍ഥങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ പൂര്‍ണമായി  ഉപേക്ഷിക്കുകയോ ആണ്. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഇത് തീര്‍ച്ചയായും സഹായിക്കും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button