ശവമുറി നോക്കുകുത്തി; പോസ്റ്റ്മോർട്ടം കോഴിക്കോട്
കൊയിലാണ്ടി: എല്ലാസകര്യങ്ങളുമുണ്ടായിട്ടും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താത്ത് വിവാദമാകുന്നു. ശവമുറിയിൽ വെള്ളവും വെളിച്ചവും മറ്റെല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ പോസ്റ്റ്മോർട്ടം കോഴിക്കോട്ട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി നടത്തണം. ഇത് ജനങ്ങൾക്കു മാത്രമല്ല പോലീസിനും വലിയ തലവേദനയാവുന്നു. പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിൻ്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് പോസ്റ്റ്മോർട്ടം റൂമിലേക്കുള്ള വെള്ളവും വൈദ്യുതിയും നിലച്ചിരുന്നെങ്കിലും പിന്നീട് പുന:സ്ഥാപിച്ചു. കെട്ടിടങ്ങൾ പൊളിക്കുന്നത് കാരണമണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നത് എന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.
ആംബുലൻസ് വാടകയിനത്തിൽ തന്നെ ഭീമമായ തുക ചെലവു വരുന്നു. ഇൻക്വസ്റ്റ് നടത്താനായി പോലീസും മെഡിക്കൽ കോളേജിലേക്ക് പോകേണ്ടതുണ്ട്. പോലീസുകാർ ആവശ്യത്തിനില്ലാത്തത് കാരണം ഇത് ഏറെ പ്രയാസം ഉണ്ടാക്കുന്നതായി സി ഐ സുനിൽകുമാർ പറഞ്ഞു. രാത്രി സമയത്ത് മോർച്ചറിയിൽ ഫ്രീസറിൻ്റെ ടെംപറേച്ചർ നോക്കാൻ പോകാനുള്ള അസൗകര്യമാണ് ഇതിന് കാരണം പറയുന്നത്. വൈകുന്നേരങ്ങളിൽ അപകടങ്ങളിലും മറ്റും, മരണപ്പെട്ടാൽ മോർച്ചറിയിൽ ഫ്രീസർ ഉള്ളത് കൊണ്ട് മൃതദേഹം സൂക്ഷിക്കാം. കൊയിലാണ്ടിയിൽ മിക്ക ദിവസങ്ങളിലും രണ്ടും മൂന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനുണ്ടാവും. പൊളിക്കേണ്ട കെട്ടിടങ്ങളിൽ പോസ്റ്റ്മോർട്ടം കെട്ടിടവും ഉൾപ്പെടും എന്നാൽ ഇത് ഏറ്റവും അവസാനം പൊളിച്ചാൽ മതിയാകും. തിങ്കളാഴ്ചയോടു കൂടി വീണ്ടും പോസ്റ്റ്മോർട്ടം പുനരാരംഭിക്കാൻ സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഷീലാ ഗോപാലകൃഷ്ണൻ കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.