DISTRICT NEWSKERALA

ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് പുതിയ പ്രതി പട്ടിക സമര്‍പ്പിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് പുതിയ പ്രതി പട്ടിക സമര്‍പ്പിച്ചു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാരും സഹായിച്ച നഴ്‌സുമാരും പ്രതികളാണ്. കുന്നമംഗലം കോടതിയിലാണ് പൊലീസ് പ്രതി പട്ടിക സമര്‍പ്പിച്ചത്. ഡിഎംഒയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഉള്‍പ്പടെ മുമ്പ് പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയ പട്ടിക സമര്‍പ്പിച്ചത്.

മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ രമേശൻ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സുമാരായ രഹന എം, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ. ഐപിസി 338 വകുപ്പ് പ്രകാരമാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തതെന്നാണ് വിവരം. കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button