ഷഹ്‌ല ഷെറീന്റെ വീട്ടിൽ വിദ്യാഭ്യാസമന്ത്രിയെത്തി
വയനാട്> ബത്തേരി സർവജന സ്കൂളിൽ പാമ്പു കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്റെ വീട്ടിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എത്തി രക്ഷിതാക്കളേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു. സ്‌കൂളും മന്ത്രി സന്ദർശിക്കും. മന്ത്രിക്കൊപ്പും കൃഷിമന്ത്രി വി എസ് സുനിൽകുമാരും ഉണ്ടായിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. കൽപ്പറ്റയിൽ മന്ത്രിക്കെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ കരിങ്കൊടി കാണിക്കാനും ശ്രമിച്ചു.
കുട്ടി മരിച്ച സംഭവത്തിൽ പ്രിന്‍സിപ്പാള്‍ എ കെ കരുണാകരൻ, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനൻ, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ശക്‌തമായ നടപടിയാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്.
സ്കൂൾ പ്രിൻസിപ്പാളിനെയും ഹൈസ്കൂൾ ചുമതലയുള്ള വൈസ് പ്രിൻസിപ്പാളിനെയും ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും ഇന്നലെ പിരിച്ചുവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷിജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.