ഷാറൂഖ് സെയ്‌ഫിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കേരള പൊലീസ്
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പിടിയിലായ ഷാറൂഖ് സെയ്‌ഫിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കേരള പൊലീസ്. കുറ്റകൃത്യത്തിലേക്ക് ഇയാൾ നീങ്ങിയതിൽ സാമ്പത്തികമായ താല്പര്യങ്ങൾ ഉണ്ടോ എന്ന സംശയമാണ് പ്രതിയുടെയും കുടുംബത്തിന്റെയും ഇടപാടുകൾ പരിശോധിക്കാനുള്ള നീക്കത്തിലേക്ക് കേരള പൊലീസ് കടന്നത്.
ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കേരള ഹൗസിൽ ക്യാമ്പ് ചെയ്തുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഷാറൂഖ് സെഡിഫിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ഇന്നലെ വരെ നടത്തിയിരുന്നു. ഹവാല ഇടപാടുകളുടെ ചില ബന്ധങ്ങൾ ഷാരൂക്ക് സെയ്‌ഫിക്ക് ഉണ്ടായിരുന്നു എന്ന വിവരം കേരള പൊലീസിന് ലഭിച്ചു.
ഡൽഹിയുടെ വിവിധ മേഖലകളിൽ ബിസിനസുകൾ നടത്തിയ ഇദ്ദേഹം കേരളത്തിൽ എത്താനുള്ള സാഹചര്യവും ഡൽഹിയിലെ സുഹൃത്തുക്കളുടെ നീക്കങ്ങളും കേരള പൊലീസ് പരിശോധിക്കുന്നുണ്ട്. ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് കേരള പൊലീസ് പരിശോധന വേഗത്തിലാക്കിയത്.