ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും 9 പെണ്‍കുട്ടികളെ കാണാതായി
കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നും 9 പെൺകുട്ടികളെ കാണാതായി. പോക്‌സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്. 12-ഓളം പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. പോക്‌സോ കേസുകളിലും കുടുംബ പ്രശ്‌നങ്ങളിലും അകപ്പെടുന്ന പെണ്‍കുട്ടികളാണ് ഇതില്‍ മിക്കവരും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുറച്ചുനാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായാണ് വിവരം. പോക്‌സോ കേസ് ഇരകൾ, ലഹരിമരുന്ന് കേസിലെ ഇരകളായ പെൺകുട്ടികൾ, കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് മാറ്റിപ്പാർപ്പിക്കുന്ന കുട്ടികൾ തുടങ്ങിയവരെയാണ് ഈ ഷെൽട്ടർ ഹോമിൽ പാർപ്പിച്ചു വന്നിരുന്നത്.
മാങ്ങാനത്ത് മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് പെൺകുട്ടികളെ കാണാതായത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മാങ്ങാനംകുഴി എന്ന സ്ഥലത്താണ് ഷെൽട്ടർ ഹോം സ്ഥിതി ചെയ്യുന്നത്.