സംസ്ഥാനം കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു (എയിംസ്) വേണ്ടി കിനാലൂരിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി
ബാലുശ്ശേരി∙ സംസ്ഥാനം കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു (എയിംസ്) വേണ്ടി കിനാലൂരിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങി. ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ സർവേ നമ്പറുകൾ അനുസരിച്ച് അതിരുകൾ തിരിക്കുന്നത് അടക്കമുള്ള പ്രാരംഭ ജോലികളാണ് തുടങ്ങിയത്. ഇതിനായി റവന്യു– ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. കിനാലൂർ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളുടെ പരിശോധന പൂർത്തിയായി. കാന്തലാട് വില്ലേജ് പരിധിയിലാണ് ഇനി പരിശോധന നടത്തേണ്ടത്.
ഏറ്റെടുക്കേണ്ട ഭൂമിയിലെ വിശദമായ റിപ്പോർട്ടുകൾ തയാറാക്കി വരികയാണ്. കിനാലൂർ വില്ലേജിൽ നിന്ന് 84 വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 200 ഏക്കർ ഭൂമിയാണ് എയിംസിനു കിനാലൂരിൽ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തത്. ഭാവി വികസനം കൂടി കണക്കിലെടുത്ത് 260 ഏക്കർ ഭൂമിയാണു സജ്ജമാക്കുന്നത്. ഇതിൽ 160 ഏക്കർ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷന്റെ കൈവശമുണ്ട്. ബാക്കി 100 ഏക്കറാണു സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കുന്നത്.
ഏറ്റെടുക്കേണ്ട ഭൂമി നിശ്ചയിച്ച ശേഷം കല്ലിടും. അതിനു ശേഷമാണു വില നിശ്ചയിച്ചു കൈമാറുക. സാമൂഹികാഘാത പഠനം നടത്താനിരിക്കുകയാണ്.കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.രാജേന്ദ്രൻ, ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ കെ.മുരളീധരൻ, വാല്യുവേഷൻ ഓഫിസർ കെ.ശിവശങ്കരൻ, റവന്യു ഇൻസ്പെക്ടർ ശ്രീലത, സ്പെഷൽ വില്ലേജ് ഓഫിസർ കെ.സി.അബ്ദുൽ വഹാബ്, പി.മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.