സംസ്ഥാനം വീണ്ടും പേ വിഷ വാക്സീൻ ക്ഷാമത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനം വീണ്ടും വാക്സീൻ ക്ഷാമത്തിലേക്ക്. തെരുവുനായ്ക്കളിലെ പേബാധയും കടിയേൽക്കുന്നവരുടെ എണ്ണവും വർധിക്കുന്നതു കൊണ്ടണ് ക്ഷാമം അനുഭവപ്പെടുന്നത്. ഒരു വർഷത്തേക്ക് നൽകിയ ഓർഡറിന്റെ 62 ശതമാനവും 5 മാസത്തിനിടയിൽ ഉപയോഗിക്കേണ്ടി വന്നതോടെ ഓഗസ്റ്റ് 17ന് നൽകിയ 49,940 വയ്‌ലിന്റെ ഓർഡർ എത്രയും പെട്ടെന്ന് എത്തിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വിതരണ കമ്പനിയോട് ആവശ്യപ്പെട്ടു. പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടിയിലേറെ വാക്സീൻ ഓരോ ദിവസവും ഉപയോഗിക്കേണ്ടി വരുന്നതായാണ് കണക്കുകളിൽ വ്യക്തമാകുന്നത്.
മൊത്തം ഓർഡറിന്റെ 25% ഓരോ വർഷവും അധികം വാങ്ങാനായി പ്രത്യേക അനുമതി നൽകാൻ കെഎംഎസ്‌സിഎൽ ഡയറക്ടർ ബോർഡിന് അധികാരമുണ്ട്. 41,600 വയ്‌ൽ ഇങ്ങനെ വാങ്ങാമെങ്കിലും ഈ വർഷം ഓർഡറിനു പുറമെ ഒരു ലക്ഷം വയ്‌ൽ അധികം വേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തൽ.ത്വക്കിൽ എടുക്കുന്ന ഇൻട്രാ ഡെർമൽ വാക്സീന്റെയും അവസ്ഥ സമാനമാണ്. 6,20,112 വയ്‌ലിന്റെ വാർഷിക ഓർഡറിൽ 2.20 ലക്ഷം സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ഇതും അതിവേഗം സ്റ്റോക്ക് തീരുന്നതായാണ് വിവരം.