സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് തുടക്കമായി. കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാനത്തുനിന്ന് റേഷൻ വാങ്ങുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതിയാണ് റേഷൻ റൈറ്റ് കാർഡ് പദ്ധതി. പെരുമ്പാവൂർ ടൗണിൽ ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷനായിരുന്നു.
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് ആവശ്യപ്പെടാൻ സാധിക്കും.
കഴിഞ്ഞ മാസം ഡൽഹിയിൽ കേന്ദ്ര പൊതുവിതരണ വകുപ്പുമന്ത്രിമാരുമായി മന്ത്രി ജി.ആർ അനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്. ആധാർ കൈവശമുള്ളവർക്കു മാത്രമേ ഈ സൗകര്യം ലഭിക്കൂ.