സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. പനി വാര്‍ഡുകളും ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വേനല്‍മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതില്‍ വര്‍ധനവുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വര്‍ധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കന്‍ഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എന്‍. 1 എന്നിവയ്ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോകോള്‍ പാലിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
പ്രളയാനുബന്ധ പ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മണ്ണില്‍ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടേയും റവന്യൂ വകുപ്പിന്റേയും പങ്കാളിത്തം ഉറപ്പാക്കും. വീടും, സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടില്‍ അകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. നിപ വൈറസ് പ്രതിരോധം ജില്ലകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.