സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പൊതുസ്ഥലങ്ങളിലെ പ്രവേശനം, ആൾക്കൂട്ട നിയന്ത്രണം ഉൾപ്പെടെയുളള നിയന്ത്രണങ്ങൾ ഇനി ഉണ്ടാകില്ലെന്ന് വകുപ്പ് വ്യക്തമാക്കി. എന്നാൽ മാസ്‌ക് ധരിക്കുന്നത് തുടരണം എന്നും അറിയിച്ചു.
ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയതായാണ് വകുപ്പ് വ്യക്തമാക്കിയത്. കേന്ദ്രനിർദേശപ്രകാരമാണ് കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കാനുളള സംസ്ഥാന സർക്കാർ തീരുമാനം.കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയത്. സംസ്ഥാനത്ത് ഇന്നലെ 291 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ദിവസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിരുന്നു. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നും ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും സർക്കാരുകൾ അറിയിച്ചിരുന്നു.