സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കാൻ 23 വരെ അവസരമുണ്ട്. കരട് പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമപട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കും. മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 941 പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 19,489 വാര്‍ഡുകളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.
2020ലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍ പട്ടിക പുതുക്കുന്നത്. ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തും. തദ്ദേശ ഉപതെരഞ്ഞെടുപ്പിനും 2025ലെ പൊതുതെരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. sec.kerala.gov.in വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം.
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം എന്നിവ മുഖേനയും അപേക്ഷിക്കാം. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ സെക്രട്ടറിമാരും കോര്‍പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറര്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം. തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീല്‍ അധികാരി. അപ്പീലിന്മേല്‍ മൂന്ന് ദിവസത്തിനകം തീരുമാനം കൈക്കൊള്ളും.