KERALAUncategorized

സംസ്ഥാനത്തെ പ്രീ-പ്രൈമറി അദ്ധ്യാപകരുടെയും ആയമാരുടെയും സമരം ഒത്തുതീർപ്പായി

സംസ്ഥാനത്തെ പ്രീ-പ്രൈമറി അദ്ധ്യാപകരുടെയും ആയമാരുടെയും സമരം ഒത്തുതീർപ്പായി. ഓണറേറിയം കൂട്ടിനൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് അദ്ധ്യാപകരും ആയമാരും സമരം അവസാനിപ്പിച്ചത്.  ശമ്പള പെൻഷൻ വ്യവസ്ഥയിൽ ഇവരെ ഉൾപ്പെടുത്തുന്നത് പ്രത്യേകം പഠിക്കുന്നതിനും ചർച്ചയിൽ തീരുമാനമായി. സംസ്ഥാനത്ത് 2891 പ്രീ പ്രൈമറി അദ്ധ്യാപകരും 1965 ആയമാരുമാണുള്ളത്. 12,500 രൂപയാണ് അദ്ധ്യാപകർക്ക് നിലവിൽ ലഭിയ്‌ക്കുന്ന ഓണറേറിയം.

ആൾ കേരള പ്രീ പ്രൈമറി ടീച്ചേർസ് ആൻഡ് ആയാസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ 36 ദിവസമാണ് രാപ്പകൽ സമരം നീണ്ടു നിന്നത്. സമരങ്ങൾ ആഴ്ചകൾ പിന്നിട്ടതോടെയാണ് പ്രീ പ്രൈമറി അദ്ധ്യാപകരുടെയും ആയമാരുടെയും ആവശ്യങ്ങളിൽ തീരുമാനമായത്. ശമ്പള, പെൻഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തുക, അവധി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുക എന്നിവയായിരുന്നു സമരത്തിൽ ഉന്നയിച്ചിരുന്ന ആവശ്യം.

ജൂൺ മുതൽ ഓണറേറിയം കൂട്ടിനൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സംഘടന അറിയിച്ചു. ശമ്പളവും പെൻഷനും നൽകുന്നതിലും, അദ്ധ്യാപകരുടെ പ്രായപരിധി നിശ്ചയിക്കുന്നതിലും അവധി വ്യവസ്ഥകളിലും വിശദ പഠനം നടത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രീ പ്രൈമറി അദ്ധ്യാപകരെയും ആയമാരെയും മറ്റ് ജോലികൾക്ക് നിയോഗിക്കുന്നത് തടയുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സംഘടന അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button