സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും
റേഷൻകടകളുടെ മുഖം മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പതിനായിരം രൂപ വരെയുള്ള പണ ഇടപാടുകളും ശബരി ഉത്പന്നങ്ങളുടെ വിൽപ്പനയും മിൽമ ഉത്പന്നങ്ങൾ എൽപിജി സിലിണ്ടർ അടക്കമുള്ള സേവനങ്ങൾ കെ സ്റ്റോറിൽ ലഭ്യമാകും.
സംസ്ഥാനത്ത് 108 കെ – സ്റ്റോറുകളാണ് ഈ രീതിയിൽ സജ്ജമായിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 1000 കെ – സ്റ്റോറുകൾ ആരംഭിക്കും. സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന നയങ്ങൾ അത് ജനക്ഷേമത്തിൽ ഊന്നിയാണ്. അതിന്റെ തുടർച്ചയാണ് കെ – സ്റ്റോറുകളും. റേഷൻ കടകളെ വൈവിധ്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. ഘട്ടം ഘട്ടമായി മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റാനാണ് സർക്കാർ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിതരണ രംഗത്ത് മികച്ച ഇടപെടൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. കൂടുതൽ ആളുകൾക്ക് റേഷൻ സംവിധാനത്തിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മൂന്നര ലക്ഷത്തോളം മുൻഗണന കാർഡുകൾ വിതരണം ചെയ്തു. പൊതുവിതരണ സമ്പ്രദായം കലാനുസൃതമായി നവീകരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ചുരുക്കം ചില റേഷൻ സാധനങ്ങൾ മാത്രം നൽകുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ നൽകുവാൻ ഉതകുംവിധം മാറ്റിയെടുക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് കെ – സ്റ്റോർ എന്ന കേരള സ്റ്റോർ പദ്ധതി. സംസ്ഥാനത്തെ റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കിയുമാണ് കെ – സ്റ്റോറുകളായി മാറുന്നത്.
ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ച് കെ – സ്റ്റോറുകളാക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 108 കെ – സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.