Uncategorized

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്‍റിറ്റി കാര്‍ഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാര്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധിച്ച്‌ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയാവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കല്‍ കോളേജുകള്‍. രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്കുകൂടി പാസ് അനുവദിക്കുകയുള്ളു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button