KERALAUncategorized

സംസ്ഥാനത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; പ്രാബല്യത്തിൽ വരിക അടുത്തമാസം ഒന്നാം തീയതി മുതൽ ; ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കും

സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗതമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അടുത്തമാസം 1 ആം തീയതി മുതലാകും പുതിയ വേഗപരിധി നിലവിൽ വരിക. സംസ്ഥാനത്ത് റോഡപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളിൽ മുഖ്യ പങ്കും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി നിലവിലെ 70 കിലോമീറ്ററില്‍നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തന്നെ തുടരും.

സംസ്ഥാനത്തെ നിരത്തുകളിലുടനീളം സ്ഥാപിച്ച എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.

പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധിയും പരിശോധിക്കാം

6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും ക്രമീകരിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button