Uncategorized

സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ സ്ത്രീ സൗഹാര്‍ദമാക്കുന്നതിനായി ടൂറിസം വകുപ്പിൻറെ ‘സ്ത്രീ സൗഹൃദ വിനോദ സഞ്ചാര മൊബൈല്‍ ആപ്പ്’

സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ സമ്പൂര്‍ണ സ്ത്രീ സൗഹാര്‍ദമാക്കുന്നതിനായി സ്ത്രീ സൗഹൃദ വിനോദ സഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്. കേരള ടൂറിസത്തിന് വേണ്ടി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല.

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമേ സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ടൂര്‍ പാക്കേജുകള്‍, അംഗീകൃത വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേകള്‍, വനിതാ ടൂര്‍ ഗൈഡുമാര്‍, ക്യാമ്പിംഗ് സൈറ്റുകള്‍, കാരവനുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങി വനിതാ യാത്രികര്‍ക്ക് സഹായകമാകുന്ന എല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വനിതാ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഒന്നരലക്ഷം വനിതകളെ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് യു എന്‍ വിമന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പിന്തുണയുണ്ട്. വിനോദസഞ്ചാര മേഖലയില്‍ 10000 വനിതാ തൊഴില്‍ സംരംഭങ്ങളും 30000 തൊഴിലും ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്പ് നിലവില്‍ വരുന്നത്.ആപ്പിനായുള്ള വിവരശേഖരണം, ടൂറിസം കേന്ദ്രങ്ങളിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച പഠനം എന്നിവ പരിശീലനം നേടിയ വനിതകളുടെ നേതൃത്വത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്നു.

ലോകമാകമാനം സ്ത്രീ കൂട്ടായ്മകളുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള വിനോദ സഞ്ചാരം വര്‍ധിച്ചു വരുന്ന കാലത്ത് കേരളത്തിന്റെ ടൂറിസം മേഖലയെ കൂടി അതിന് അനുസൃതമായി മാറ്റുന്നതിനു വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശ വനിതാ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ സഹായകമാകുന്ന രീതിയിലേക്ക് ടൂറിസം ആപ്പ് മാറ്റും.

വനിതാ സംരംഭകരുടെ നേതൃത്വത്തിലുള്ള കരകൗശല – സുവനീര്‍ ഉത്പാദന-വിപണന കേന്ദ്രങ്ങള്‍, വീട്ടില്‍ ഭക്ഷണം ലഭ്യമാക്കുന്ന അംഗീകൃത യൂണിറ്റുകള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ഗ്രാമീണ ടൂറിസം പാക്കേജുകള്‍, അനുഭവവേദ്യ പാക്കേജുകള്‍, സാഹസിക പാക്കേജുകള്‍ എന്നിവയെല്ലാം ചേരുന്ന സമഗ്ര വിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേനില്‍ ഉള്‍പ്പെടുത്തുക.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button