Uncategorized

സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.

സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. നടത്തിപ്പു ചെലവിനുളള പണം കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് തുടർച്ചയായി നൽകാതിരിക്കുന്നതാണ് പുതിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ദൈനംദിന ചെലവുകൾക്കും ശമ്പളത്തിനും പണമില്ല. ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുളള ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസ് കോർപറേഷന് പലതവണ കത്ത് നൽകിയെങ്കിലും പണം നൽകിയിട്ടില്ലെന്ന് പരാതി.

കമ്പനിക്ക് 40 കോടിയിലേറെ രൂപയാണ് നൽകാനുള്ളത്. പണം ലഭിക്കാതെ മുന്നോട്ട് പോകുന്നത് കമ്പനിക്ക് അധിക ബാധ്യത ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. ഒരു ആംബുലൻസിന് ടെൻഡർ പ്രകാരം 2.75 ലക്ഷം രൂപയാണ് നട‌ത്തിപ്പ് ചെലവ്. ഇന്ധനം, അറ്റകുറ്റപ്പണി എന്നിവക്കെല്ലാം ഈ പണമാണ് ഉപയോ​ഗിക്കുക. ജീവനക്കാരുടെ ശമ്പളവും ഇതിൽ നിന്നാണ്.

316 ആംബുലൻസുകളാണ് കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്നത്. ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസിന്റെ കരാർ അടുത്ത വർഷം അവസാനിക്കും. ശമ്പളം വൈകുന്നത് തുടർന്നാൽ സമരം തുടങ്ങാൻ തൊഴിലാളി സംഘടനയായ സിഐടിയു തീരുമാനിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button