സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ ശക്തമായ വേനല്‍ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ ശക്തമായ വേനല്‍ മഴക്ക് സാധ്യത. വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെയുള്ള നീണ്ട ന്യൂനമര്‍ദപാത്തി മഴയ്ക്ക് കാരണമായേക്കും. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മോശം കാലാവസ്ഥയ്ക്ക് സാധ്യയുള്ളതിനാല് ഞായറാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. ഇന്ന് മുതല്‍ ശനിയാഴ്ച വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ തീയതികളിലും പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.