സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
22 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യ ബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം പറഞ്ഞു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.