Uncategorized

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിന്യസിച്ചു. എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശൂർ  രണ്ട് സംഘങ്ങളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങൾ വീതമാണ് വിന്യസിപ്പിക്കുക.  തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്രവാതച്ചുഴിയാണ് കേരളത്തിൽ കനത്ത മഴക്ക് കാരണം. മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ടുണ്ടായത്  ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. വെള്ളം കയറുന്ന സ്ഥിതിയിലേക്കെത്തിയതോടെ ചങ്ങമ്പുഴ നഗറിൽ ആളുകളെ ഒഴിപ്പിച്ച് തുടങ്ങി.ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തി. നെടുങ്കണ്ടത്ത് വീടിന് മുകളിലേക്ക് മരം വീണു. കോഴിക്കോട് കൊയിലാണ്ടിയിൽ മരം വീണ് മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടു. മഴ കനത്തതോടെ കാസർകോട് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button