സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ധാരണ
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ധാരണ. ഏപ്രിൽ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കേണ്ടത്. ഇതിൽ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ പരിഗണനയ്‌ക്കെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ തുടങ്ങി മേയ് രണ്ടാം വാരത്തോടെയാകും തെരഞ്ഞെടുപ്പ് അവസാനിക്കുക. ഇതനുസരിച്ച് സംസ്ഥാനത്ത് 90 ദിവസത്തിൽ താഴെയായിരിക്കും മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരാൻ സാധ്യത. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സുരക്ഷ മാർഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചുമുള്ള ധാരണ കേന്ദ്രതലത്തിൽ ഇതിനോടകം ഉണ്ടായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്തയാഴ്ച ചർച്ച നടത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീൻ ഇതിനകം തന്നെ ആരോഗ്യമന്ത്രാലയം അടക്കം വിവിധ മന്ത്രാലയവുമായുള്ള ചർച്ച പൂർത്തീകരിക്കാനുള്ള സമയം നൽകിയിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകളടക്കമായിരിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തിൽ റിപ്പോർട്ടായി നൽകുക. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുക.