സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,തൃശൂർ , കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ടാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് കിഴക്കൻ അറബികടലിൽ സൗരാഷ്ട്ര – കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്.
ഒഡിഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നു. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യത. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര വരെ ന്യുന മർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു